Wednesday, February 15, 2012

മുനീറിന്റെ 'ഗ്രാമയാത്ര' നാട്ടുതനിമയുടെ തിരനോട്ടമായി 'ഗ്രാമയാത്ര'

മലപ്പുറം: മെടഞ്ഞ തെങ്ങോലകൊണ്ട് മേഞ്ഞ പന്തല്‍, വേദിയില്‍ അലങ്കാരത്തിനായി പഴയപറ, വാല്‍ക്കിണ്ടി, ഓട്ടുകോളാമ്പി, പാനീസ് വിളക്ക്... ജനപ്രതിനിധികള്‍ക്ക് ഇരിക്കാന്‍ പഴയ മരക്കസേരകള്‍, ചാരുബെഞ്ചുകള്‍... മന്ത്രി എം.കെ. മുനീര്‍ നേതൃത്വം കൊടുക്കുന്ന ഗ്രാമയാത്രയിലെ വിശേഷാല്‍ ഗ്രാമസഭ നടത്തുന്ന വേദിയില്‍ നാടന്‍ തനിമ വേറിട്ട കാഴ്ചയായി. ഗ്രാമസഭകള്‍ ഗ്രാമീണത്തനിമയുടെ കരുതല്‍ കേന്ദ്രങ്ങളാവണം എന്ന മന്ത്രിയുടെ സങ്കല്പമാണ് നാടന്‍ ചമയങ്ങളിലേക്ക് തിരിച്ചുപോകാന്‍ ഗ്രാമപ്പഞ്ചായത്ത് സാരഥികള്‍ക്ക് പ്രേരണയായത്.

ഗ്രാമയാത്രയിലും വിശേഷാല്‍ ഗ്രാമസഭയിലും പ്ലാസ്റ്റിക് ഉപകരണങ്ങളും അലങ്കാരങ്ങളും ഒഴിവാക്കി നാട്ടുതനിമ പരമാവധി പ്രതിഫലിക്കുന്ന വിധം ഒരുക്കണം എന്ന നിര്‍ദേശം വകുപ്പതലത്തില്‍തന്നെ നല്‍കിയിരുന്നു. വേദിയുടെ പിന്‍കര്‍ട്ടനില്‍നിന്ന്‌പോലും ഫ്‌ളക്‌സും, പ്ലാസ്റ്റിക്കും അപ്രത്യക്ഷമായി. പകരം മുളങ്കമ്പുകള്‍ ചേര്‍ത്തുവെച്ച് ഒരുക്കിയ പശ്ചാത്തലമായിരുന്നു. മന്ത്രിക്കും അധ്യക്ഷനായ എം.എല്‍.എയ്ക്കും വേദിയില്‍ 'ബൊക്കെ'യ്ക്ക് പകരം നല്‍കിയത് പലതരം പഴങ്ങളും പച്ചക്കറികളും നിറച്ച ഓരോ കൊട്ട അതും മുളകൊണ്ടു നിര്‍മിച്ചവ. വാര്‍ഡ് ജനപ്രതിനിധികളെയും മുതിര്‍ന്ന പൗരന്മാരെയും ഇരുത്താനായി മരക്കസേരകളും ചാരുബെഞ്ചുകളും നാട്ടില്‍നിന്ന് 'കഷ്ടപ്പെട്ട്' സംഘടിപ്പിക്കുകയായിരുന്നു.

പ്ലാസ്റ്റിക് കപ്പുകള്‍ പാടെ ഒഴിവാക്കി കടലാസ്‌കപ്പുകളില്‍ നല്‍കിയ സേമിയ പായസവും ചടങ്ങിന് മാതൃകയായി. പരമ്പരാഗത പശ്ചാത്തലം ഒരുക്കുന്നതില്‍ ഉയരുന്ന വിമര്‍ശനത്തില്‍ കഴമ്പില്ലെന്ന് ഉദ്ഘാടന വേളയില്‍ മന്ത്രി മുനീര്‍ സൂചിപ്പിച്ചു. 'ഗ്രാമങ്ങളെ പിറക്കോട്ട് കൊണ്ടുപോകാനാണോ ഗ്രാമയാത്ര എന്ന് വിമര്‍ശിക്കുന്നവരോട് ഒന്നേ പറയാനൂള്ളു.

ഏതു വികസനത്തിലും ഒരു കരുതല്‍ വേണം. ഗ്രാമത്തിലെ സൗകര്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുവേണം വികസനം. നാട്ടിലെ കാരണവന്മാരുടെ നാട്ടറിവുകള്‍ നമ്മുടെ വലിയ സമ്പത്താണ്'' - മന്ത്രി പറഞ്ഞു. മന്ത്രിയെ സ്വീകരിച്ചാനയിച്ച ഘോഷയാത്രയിലും തനതു കലാരൂപങ്ങള്‍ നിറഞ്ഞിരുന്നു. അറവനമുട്ട്, കോല്‍ക്കളി, തിരുവാതിരക്കളി എന്നിവയും മുത്തുക്കുടകള്‍ ചൂടിയ വനിതകളും, മേളവും സ്വീകരണ യാത്രയ്ക്ക് പകിട്ടേകി.

മുതിര്‍ന്ന പൗരന്മാരായ അബ്ദുള്ള ഹാജി, കുഞ്ഞാന്‍, കൊടയ്ക്കാടന്‍ മൊയ്തീന്‍കുട്ടി എന്ന ബാപ്പു, മറിയുമ്മ കാട്ടില്‍പ്പുറം, ടി.വി. മുഹമ്മദ് ഹാജി, കുഞ്ഞമ്മദ് ഹാജി, വി.ടി. അലവിക്കുട്ടി, കൊല്ലപ്പറമ്പന്‍ ഫാത്തിമ, നെച്ചിയില്‍ ചൂരന്‍, പാത്തുമ്മ പുല്ലാര, നെച്ചിയില്‍ കൊറ്റന്‍, സെയ്താലി എന്നിവരെ ഗ്രാമസഭയില്‍ പൊന്നാടണിയിച്ച് ആദരിച്ചു.

വയോധികര്‍ ഉള്‍പ്പെടെ വന്‍ ജനാവലിതന്നെ ഗ്രാമസഭയ്ക്കായി എത്തിയത് മന്ത്രിയേയും ആവേശം കൊള്ളിച്ചു. കുടുംബശ്രീയുടെ പച്ചക്കറി, നാടന്‍ ഉത്പന വില്പന സ്റ്റാളും ഒരുക്കിയിരുന്നു. പൂക്കോട്ടൂര്‍ പഞ്ചായത്ത് ഒരുക്കിയ ലൈബ്രറിക്ക് താത്കാലിക ലൈബ്രേറിയനെ നിയമിക്കാന്‍ അനുവദിക്കണമെന്ന പ്രസിഡന്റ് പി.എ. സലാമിന്റെ അഭ്യര്‍ഥനയെത്തുടര്‍ന്ന് വേദിയില്‍ വെച്ചുതന്നെ മന്ത്രി മുനീര്‍ അതിനുള്ള ഉത്തരവ് ഇറക്കി.

News @ Mathrubhumi

0 അഭിപ്രായങ്ങള്‍:

Post a Comment

Back to TOP